03:22pm 31 May 2026
NEWS
പോരായ്മകൾ പരിഹരിക്കും, എക്സൈസ് നവീകരണത്തിന് കർമ്മപദ്ധതി; ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യാപനമെന്ന് മന്ത്രി
31/05/2026  12:09 PM IST
സുരേഷ് വണ്ടന്നൂർ
പോരായ്മകൾ പരിഹരിക്കും, എക്സൈസ് നവീകരണത്തിന് കർമ്മപദ്ധതി; ഇടക്കാല ബഡ്ജറ്റിൽ പ്രഖ്യാപനമെന്ന് മന്ത്രി

​ആലപ്പുഴ: / തിരുവനന്തപുരം:മദ്യഉപഭോഗം കുറയ്ക്കാനും മയക്കുമരുന്ന് ഉന്മൂലനത്തിനും മുൻതൂക്കം നൽകി എക്സൈസ് സേനയെ സമ്പൂർണമായി നവീകരിക്കുമെന്ന് മന്ത്രി എം.ലിജു. കഴിഞ്ഞ ദിവസം തലസ്ഥാനത്തുചേർന്ന എക്സൈസ് ഉദ്യോഗസ്ഥരു‌‌‌‌‌‌‌ടെ യോഗത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
​മയക്കുമരുന്ന് കേസുകളിൽ പ്രതിയെ പിടികൂടുന്നതുമുതൽ വിചാരണവരെയുള്ള കാര്യങ്ങളാണ് സേന നേരിടുന്ന പ്രധാന വെല്ലുവിളി. ലഹരി കേസുകളിൽ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് എക്സൈസ് രജിസ്റ്റർ ചെയ്യുന്നവയാണ്. എന്നാൽ, എൻഫോഴ്സ്മെന്റ് നടപടികളിൽ മാനവശേഷിയുടെയും വാഹനങ്ങളുടെയും ആയുധങ്ങളുടെയും അത്യാധുനിക സംവിധാനങ്ങളുടെയും ഒട്ടനവധി പോരായ്മകൾ നിലവിൽ നേരിടുന്നുണ്ട്. കേസുകൾ കണ്ടെത്താനും അവ ശാസ്ത്രീയമായി തെളിയിക്കാനുമുള്ള സംവിധാനങ്ങളുടെ പരിമിതിയാണ് പ്രധാന പ്രശ്നം.
ബോധവത്കരണത്തിനൊപ്പം ലഹരിമുക്തമായി ജീവിതത്തിലേക്ക് മടങ്ങിവരാനാഗ്രഹിക്കുന്നവർക്ക് പുനരധിവാസവും തൊഴിലും ഉറപ്പാക്കേണ്ടതുണ്ട്. 'മിഷൻ 2031'ന്റെ ഭാഗമായി എക്സൈസ് നവീകരണത്തിനുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. വരാനിരിക്കുന്ന ഇടക്കാല ബ‌ഡ്ജറ്റിൽ തന്നെ അതിനാവശ്യമായ പദ്ധതികളുടെ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. എക്സൈസ് കമ്മിഷണർ ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർ ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു.
​മദ്യനയം ചർച്ചയായില്ല
​മദ്യനയത്തെപ്പറ്റി യോഗത്തിൽ ചർച്ചയായെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. മദ്യ ഉപഭോഗം കുറയ്ക്കുകയെന്നതാണ് യു.ഡി.എഫിന്റെ കാഴ്ചപ്പാട്. അതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുന്നണിതലത്തിലും മന്ത്രിസഭയിലും തീരുമാനിക്കും. ബാർ ഹോട്ടൽ അസോസിയേഷൻ, കള്ളിചെത്ത് വ്യവസായ തൊഴിലാളികൾ, ട്രേഡ് യൂണിയനുകൾ, വിവിധ മത സാമുദായിക സംഘടനകൾ, രാഷ്ട്രീയ കക്ഷികൾ തുടങ്ങിയവരുമായി ഇതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തും. പൊലീസിന്റെ നേതൃത്വത്തിലാരംഭിച്ച 'ഓപ്പറേഷൻ തൂഫാനൊപ്പം' ചേർന്ന് എക്സൈസും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img